ഇപി ജയരാജന്‍ വീണ്ടും മന്ത്രി പദവിയിലേക്ക്; ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിക്കസേര തെറിച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. തിരിച്ച്‌ വരവില്‍ പഴയ വ്യവസായ മന്ത്രിസ്ഥാനം തന്നെ ഇപി ജയരാജന് നല്‍കാനാണ് സിപിഎം തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജന്റെ തിരിച്ച്‌ വരവ് സംബന്ധിച്ച്‌ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനുമാണ് സെക്രട്ടറിയേറ്റില്‍ ധാരണയായത്. സിപിഎം സംസ്ഥാന സമിതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

ചൊവ്വാഴ്ച മന്ത്രിയായി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. ചികിത്സാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുകയാണ്. അതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന തീരുമാന പ്രകാരമാണ് ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് സി.പി.ഐ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. സിപിഐ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നല്‍കാന്‍ തീരുമാനമായിരുന്നു.

പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ഇപി ജയരാജന് രാജി വെയ്‌ക്കേണ്ടതായി വന്നത്. സഹോദരിയുടെ മകള്‍ ദീപ്തി നിഷാദ്, ഭാര്യാ സഹോദരി പിജെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്ബ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് വിവാദത്തിലായത്. സംഭവത്തില്‍ വിജിലന്‍സ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ജയരാജന്‍ പുറത്തായത്.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്ബ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്ബരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി.