ഇടുക്കിയില്‍ രണ്ട്‌ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ഡാമിന്റെ സംഭരണശേഷിയുടെ 97 ശതമാനവും വെള്ളം നിറഞ്ഞു; കനത്ത മഴയും നീരൊഴുക്കും തുടരുകയാണ്

ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. കനത്ത മഴയും നീരൊഴുക്കും തുടരുകയാണ്.

രാത്രി 2400.38 അടി ജലനിരപ്പായിരുന്നത് രാവിലെ 2401 അടി പിന്നിട്ടു. ഇതോടെയാണ് രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തിയത്. ഇക്കാര്യത്തിലുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും വൈകിട്ടോടെ തന്നെ വൈദ്യുതി മന്ത്രി എംഎം മണി നല്‍കിയിരുന്നു.

ഇപ്പോള്‍ തുറന്നു വെച്ചിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയാലെ ഈ അന്തരം നീക്കാന്‍ സാധിക്കു എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ മൂന്ന് ഷട്ടറുകളില്‍നിന്നായി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ഏതാണ്ട് 1.16 ലക്ഷം ലിറ്റര്‍ വെള്ളമാണ്.

സംഭരണശേഷിയുടെ 97.61 ശതമാനം ജലം ഇപ്പോള്‍ ഡാമിലുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി മൂന്ന് ഡാമുകള്‍ ഉപയോഗപ്പെടുത്തിയാണ് ജലം സംഭരിച്ചിരിച്ചിരിക്കുന്നതെങ്കിലും ചെറുതോണിയില്‍ മാത്രമാണ് തുറന്നുവിടാന്‍ സൗകര്യമുള്ളത്.