കേരളത്തിലെ മഴക്കെടുതി; സര്‍ക്കാരിന്റെ ഓണാഘോഷം മാറ്റിവെയ്ക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയിലും കേരളം നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയക്കെടുത്തി ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാവുകയും, കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കുകയും വേണം. കനത്ത മഴ മൂലം വളരെ അസാധാരണമായ സഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ഇതിനെ നേരിടാന്‍ എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്ന് ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, യു.ഡി.എഫ് എംഎ‍ല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.