റോണോ പോയിട്ടും ലാ ലീഗയിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം

ക്രിസ്റ്റ്യാനോ പോയതിന് ശേഷമുള്ള ആദ്യ ലാ ലീഗ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഗെറ്റാഫെയാണ് റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിനായി ഇരു പകുതികളിലുമായി കാർവഹാളും ഗാരെത് ബെയ്‌ലുമാണ് ഗോളുകൾ സ്വന്തമാക്കിയത്.റയൽ മാഡ്രിഡ് മത്സരത്തിന്റെ ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ചെങ്കിലും ഭാഗ്യം പലപ്പോഴും കൂടെ നിന്നില്ല. റയൽ മാഡ്രിഡിന്റെ നിരവധി ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു.

മത്സരത്തിന്റെ 20മത്തെ മിനുട്ടിൽ കാർവഹാൾ റയൽ മാഡ്രിഡിനായി ആദ്യ ഗോൾ നേടി.തുടർന്ന് ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് മേധാവിത്വം തുടർന്നെങ്കിലും രണ്ടാമത്തെ ഗോൾ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ചു. തുടർന്ന് രണ്ടാം പകുതിയിലാണ് ഗാരെത് ബെയ്‌ലിലൂടെ റയൽ മാഡ്രിഡ് രണ്ടാമത്തെ ഗോൾ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ നാല് സീസണിലും റയൽ മാഡ്രിഡിന് വേണ്ടി ആദ്യ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന താരമാവാനും ബെയ്ലിന് സാധിച്ചു.