പ്രളയം അടങ്ങിയിട്ടും കേരളത്തിൽ ദുരിതങ്ങള്‍ ഒഴിയുന്നില്ല; ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍

അങ്കമാലി: പ്രളയം അടങ്ങിയിട്ടും കേരളത്തിൽ ദുരിതങ്ങള്‍ ഒഴിയുന്നില്ല. വെള്ളം ഇറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങിയ നിരവധി പേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍.

ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)ക്കാണ് പാമ്പിന്റെ കടിയേറ്റത്. മുപ്പത്തടത്ത് വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി. കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാമ്പുകടിയേറ്റ് നിരവധി പേരെ ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ അന്‍പതിലേറെപ്പേരാണ് അങ്കമാലിയിലെ ആശുപത്രിയില്‍ മാത്രം ചികിത്സയ്ക്ക് എത്തിയത്. ഇന്നലെ ആറുപേര്‍ കൂടി പാമ്പുകടിക്ക് ചികിത്സ തേടി എത്തിയതായി അധികൃതര്‍ പറഞ്ഞു.