പ്രളയബാധിതര്‍ക്ക് ഒരുലക്ഷം വരെ പലിശരഹിത വായ്പ നൽകുമെന്ന് മുഖ്യമന്ത്രി

പ്രളയത്തെ തുടര്‍ന്ന് വീടുകളിലെ അവശ്യ സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ സജ്ജമാക്കുന്നതിന് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്യാമ്പുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് നടക്കുന്നതെന്നും മഖ്യമന്ത്രി പറഞ്ഞു.

വീട് നഷ്ടപ്പെട്ടവരുടെ ആകുലതകള്‍ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്. സമയബന്ധിതമായി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ആവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. ഇത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതി തയ്യാറാക്കും. വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

പുനരധിവാസം ചില പ്രശ്‌നങ്ങള്‍കൂടി പരിഗണിച്ച് വേണം നടത്താന്‍ എന്നാണ് സര്‍ക്കാര്‍ നയം. ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍കൊള്ളം. പ്രകൃതി ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി പുനരധിവാസം നടപ്പിലാക്കും. സ്ഥലം കണ്ടെത്തല്‍ ഒരു പ്രശ്‌നമാണ്. പൊതുവായ അഭിപ്രായം സ്വീകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും മുഖ്യ മന്ത്രി പറഞ്ഞു.