കുട്ടനാട്ടിൽ ആൾതാമസം ഇല്ലാതായിട്ട് ആറു ദിവസം

വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കരകയറിവരുകയാണ് കേരളത്തിലെ ജനങ്ങൾ എന്നാൽ ഇപ്പോഴും കുട്ടനാട്ടുകാർ വെള്ളത്തിൽ തന്നെയാണ്. കുട്ടനാട്ടിൽ ആൾതാമസം ഇല്ലാതായിട്ട് ആറു ദിവസം കഴിഞ്ഞു. മിക്കവീടുകളും മുങ്ങിക്കിടക്കുകയാണ്. ഒരടി വെള്ളമാണ് കുട്ടനാട്ടിൽ താഴ്ന്നിട്ടുള്ളത്. നാട്ടുകാർക്ക് ആശ്രയമായിരുന്ന ബോട്ട് സർവീസ് നിർത്തിയിട്ട് മൂന്നുദിവസം കഴിഞ്ഞു. ഇരുപതിലധികം ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്.

എ.സി. റോഡ് മുങ്ങിയിട്ട് ഒന്നരമാസമായി. ആദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽനിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും റോഡുമുക്കി പ്രളയമെത്തിയത്. കുട്ടനാട്ടിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഉയരത്തിലുള്ള വീടുകളിലും സ്കൂളുകളിലും ക്യാമ്പുകളുണ്ടായിരുന്നു. എന്നാൽ ഇക്കുറി അതിനും കഴിഞ്ഞില്ല. ക്യാമ്പുകൾ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിലും കോട്ടയം, കൊല്ലം എന്നിവിടങ്ങളിലുമാണ്.

കുട്ടനാടിന് കൂടുതൽ ശ്രദ്ധ നല്കാൻ ആളില്ലാത്ത അവസ്ഥയാണ് അതിനാൽ തന്നെ കുട്ടനാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായില്ല . ചെങ്ങന്നൂരിൽ നടക്കുന്നതുപോലെയുള്ള കേന്ദ്രിത പ്രവർത്തനം കുട്ടനാട്ടിൽ നടക്കുന്നില്ല.