പ്രളയ ബാധിത മേഖലകളിൽ വ്യോമ സേന വിതരണം ചെയ്തത് 2,47,855 ലക്ഷം കിലോ അവശ്യവസ്തുക്കൾ

സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിൽ വ്യോമ സേന ഹെലികോപ്റ്ററിൽ വിതരണം ചെയ്തത് 2,47,855 ലക്ഷം കിലോ അവശ്യവസ്തുക്കൾ.

1200 ടൺ രക്ഷാവസ്തുക്കളാണ് പ്രളയക്കെടുതിയെ നേരിടാൻ വ്യോമസേന കേരളത്തിൽ എത്തിച്ചത്. എം.ഐ 17, എ.എൽ.എച്ച്, ചേതക് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട 31 ഹെലികോപ്റ്ററുകളാണ് വ്യോമസേന രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ഉപയോഗിച്ചത്. 3107 വ്യോമസേനാ ഉദ്യോഗസ്ഥരെ കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തനായി വ്യോമസേന വിന്യസിച്ചിരുന്നു. കൊച്ചി നാവിക സേനാ വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം, സുലൂർ എന്നിവിടങ്ങളിൽനിന്ന് ഹെലികോപ്റ്ററുകൾ ദുരിത ബാധിത മേഖലകളിലേക്കും തിരിച്ചും നിരന്തരം സഞ്ചരിച്ചു. ദുരന്ത നിവാരണ രംഗത്ത് രാജ്യത്ത് വ്യോമസേന നടത്തിയ ഏറ്റവും വലിയ രക്ഷാ പ്രവർത്തനമായിരുന്നു കേരളത്തിലേതെന്ന് വ്യോമസേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദുരിത ബാധിത മേഖലയിലേക്ക് 10 യൂണിറ്റ് മൊബൈൽ മെഡിക്കൽ ടീമുകളെ നിയോഗിച്ചു. ഒരു ഡോക്ടറും രണ്ടു പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്നതായിരുന്നു ഓരോ ടീമും. ആലപ്പുഴയിലും തിരുവല്ല ചേതൻകരിയിലുമായി 10 ബെഡ് ഉള്ള രണ്ടു മൊബൈൽ ആശുപത്രികളും സേന തുറന്നിരുന്നു.