പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടം; അടുത്ത മാസം തീര്‍ത്ഥാടകരെ അനുവദിക്കും; ദേവസം ബോര്‍ഡ്

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്ന തരത്തില്‍ പമ്പയില്‍ അതിവേഗ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഇതിനുള്ള ചെലവ് ദേവസം ബോര്‍ഡ് തന്നെ വഹിക്കും. പമ്പയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്ക് സീസണ് മുന്നോടിയായുള്ള 60 ദിവസം കൊണ്ട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരമാവധി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.

ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാര്‍ അറിയിച്ചു. ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാനുള്ള വാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സൈന്യത്തിന്റെ സഹായത്തോടെ മൂന്ന് ബെയ്ലി പാലങ്ങള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടെണ്ണമെങ്കിലും ഉടന്‍ വേണം.

പമ്പയില്‍ ഇനി മുതല്‍ യാതൊരു തരത്തിലുമുള്ള കോണ്‍ക്രീറ്റ് നിര്‍മ്മാണവും നടത്തില്ല എന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അയ്യപ്പഭക്തരുടെ ക്യാമ്പ് പോയിന്റ് നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെയായി ക്രമീകരിക്കും. വാഹനങ്ങള്‍ കടന്ന് പോകുന്നത് നിലയ്ക്കല്‍ വരെയായി പരിമിതപ്പെടുത്തും. ഇവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസുകളില്‍ ഭക്തര്‍ക്ക് പമ്പയിലേക്ക് എത്താം. ഇതിനായി 80 കെഎസ്‌ആര്‍ടിസി ബസുകള്‍ വേണ്ടിവരുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 15ഓടെ ശബരിമലയിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സീനിയര്‍ ഐഎഎസ് ഓഫീസറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തും. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.