ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും യുഡിഎഫ് എംപിമാര്‍ക്ക് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് യുഡിഎഫ്, എല്‍ഡി എഫ് എംപിമാര്‍ രാജ്‌നാഥ് സിങുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോഗ്യമന്ത്രി ജെപി നദ്ദ, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെയും കേരള എംപിമാര്‍ കാണും.

അതോടൊപ്പം പ്രധാനമന്ത്രിയെ കാണാനും എംപി മാര്‍ സമയം തേടിയിട്ടുണ്ട്. എകെ ആന്റണിയുടെയും പി കരുണാകരന്റെയും നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് എംപിമാരും ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 730 കോടി രൂപയാണ്. ഇതിന് പുറമേയാണ് ചെക്കുകളും ആഭരണങ്ങളും മറ്റ് സഹായവാഗ്ദാനങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. വിദേശസഹായം നിയമപരമായ മാര്‍ഗങ്ങളിലൂടെ സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.