ആ കപ്പലിന് പിന്നിലെ ചുരുളഴിയാത്ത രഹസ്യമെന്തായിരിക്കും? പോലീസിനെ വലച്ച് മ്യാന്മാർ തീരത്തൊരു പ്രേതകപ്പൽ

ദുരൂഹതകൾ സമ്മാനിച്ച് മ്യാന്മറിൽ നിന്നും കപ്പൽ കണ്ടെത്തി. തീരക്കടലിനു സമീപം ആളുകളില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന ഭീമൻ കപ്പലാണ് കണ്ടെത്തിയത്. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പൽ കണ്ടെടുത്തത്. സാം രത്ലുങ്കി പിബി 1600 എന്ന കപ്പലാണ് ഇതെന്ന് യാങ്കോണ്‍ പോലീസ് അറിയിച്ചു.

കടലിൽ ഇത്തരത്തിലൊരു കപ്പൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി മൽസ്യത്തൊഴിലാളികളാണ് പൊലീസിന് വിവരം നൽകിയത്. 2001 ലാണ് കപ്പൽ പണിതതെന്ന് കരുതപ്പെടുന്നു.177 മീറ്ററാണ് കപ്പലിന്റെ നീളം. ഇത് ഇന്തോനേഷ്യൻ കപ്പലാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മ്യാന്മാർ നാവിക സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.