ദുരിതാശ്വാസത്തിൽ പരസ്‌പരം പഴിചാരി മന്ത്രിമാർ

കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിലെ വീഴ്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേ ഒളിയമ്പുമായി മന്ത്രി ജി. സുധാകരന്‍.  കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്പോരുമായി മന്ത്രിമാര്‍. പമ്പിംഗ് തുടങ്ങാൻ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്നും ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതർ ചിന്തിക്കേണ്ടതാണെന്നും ജി സുധാകരന്‍.

പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്‍റെ പുനര്‍നിര്‍മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശന ചടങ്ങില്‍ ധനമന്ത്രി വേദിയിലിരിക്കെയാണ് സുധാകരന്‍റെ വിമര്‍ശനം.

പമ്പ് നന്നാക്കാനായി പാടശേഖരസമിതികള്‍ക്ക് 20,000 രൂപ വീതം നല്‍കും. ലഭ്യമായ പമ്പുകള്‍ ഉപയോഗിച്ച്‌ എസി റോഡിലും കൈനകരി പഞ്ചായത്തിലും വെള്ളം വറ്റിക്കുകയാണ്. കിട്ടുന്ന പമ്പുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തിക്കുക എന്നതാണ് നിലപാടെന്ന് ഐസക് പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുമെന്ന് ധനമന്ത്രി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ പമ്പുകളും വെള്ളത്തിനടിയിലാണ്. വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മോട്ടോറുകള്‍ ഉണക്കി റീവൈന്‍ഡ് ചെയ്താല്‍ മാത്രമെ വെള്ളം വറ്റിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനാകു എന്നും അദ്ദേഹം പറഞ്ഞു.