ഹനാന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ഹാനാണ് വേണ്ട ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഹനാനിനു അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.

ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.