കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. ഉമാദേവി ഖാത്തികിന്‍റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് ഖാത്തികാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എംപിക്കെതിരെ കൊലവിളിയുമായി ബിജെപി എംഎൽഎയുടെ മകൻ എത്തിയത്.

“ഝാന്‍സി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളില്‍ ഒഴുകുന്നത്. അതിനാല്‍ ഹാട്ടയില്‍ കാലുകുത്തരുത്. കാലുകുത്തിയാല്‍ ഒന്നുകില്‍ നിങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ലെ” എന്നായിരുന്നു പ്രിൻസ് ദീപിന്റെ ഫേസ്ബുക് പോസ്റ്റ്. മധ്യപ്രദേശിലെ ഹാട്ടയില്‍ സെപ്തംബര്‍ അഞ്ചിന് ഒരു റാലിയില്‍ പങ്കെടുക്കാന്‍ സിന്ധ്യ എത്തുന്നുണ്ട്. മകനെ തള്ളി എംഎൽഎ രംഗത്തുവന്നു.
”അവന് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ല. അവന്‍ ജയിലില്‍ പോകട്ടേ. ഞാന്‍ തന്നെയാണ് അവനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എന്‍റെ പാര്‍ട്ടിക്ക് ഇതിലൊരു പങ്കുമില്ല-എംഎൽഎ പറഞ്ഞു.പ്രിൻസ് ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു