ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകിയേക്കും

ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകിയേക്കും. അന്വേഷണ സംഘം ഐജി വിജയ് സാക്കെറയുമായി നടത്തിയ എട്ടുമണിക്കൂർ ദൈർഘ്യമുള്ള ചർച്ചയിലും ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ തീരുമാനം ആയില്ല.

ജലന്ധർ ബിഷപ്പിനെതിരെയുള്ള ബലാത്സംഗക്കേസിൽ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനായിരുന്നു ഐജിയുടെ നേതൃത്വത്തിൽ നിർണായക യോഗം കൊച്ചിയിൽ ചേർന്നത്. ഐ ജി വിജയ് സാക്കറുടെ വസതിയിൽ ഇന്നലെ രാത്രി 8മണിക്കാണ് യോഗം തുടങ്ങിയത്. കോട്ടയം എസ് പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരാണ് അന്വേഷണ പുരോഗതി അറിയിച്ചത്.

ജലന്തറിലെത്തി ബിഷപ്പിന്‍റെ മൊഴിയെടുത്തതിന്‍റെ വിശദാംശങ്ങൾ ഡിവൈഎസ്പി, ഐജിയെ അറിയിച്ചു.8മണിക്കൂർ നീണ്ട ചർച്ചയിൽ ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്ന കാര്യം ചർച്ച ആയില്ലെന്നു കോട്ടയം എസ് പി പറഞ്ഞു. അന്വേഷണത്തെക്കുറിച്ചു മാധ്യമങ്ങളോട് പറയാൻ ആവില്ല. അടുത്ത ഒരാഴ്ച അന്വേഷണസംഘം എന്ത് ചെയ്യണം എന്ന കാര്യത്തിൽ മാത്രമാണ് ഐജി യുമായി ചർച്ച നടന്നതെന്നും എസ് പി വ്യക്തമാക്കി.