മൊബൈലിൽ മുഴുകിയ ഡ്രൈവർക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല; ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്ത് കാർ ബാങ്കിനകത്തേക്ക് ഇടിച്ചു കയറി

ദുബായ്: ദുബായിൽ കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ മുഴുകിയ ഡ്രൈവർ കാർ ബാങ്കിനകത്തേക്ക് ഇടിച്ചുകയറ്റി. ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്താണ് നിയന്ത്രണം വിട്ട കാര്‍ ബാങ്കിന്റെ എടിഎം വെച്ച ഭാഗത്തേക്ക് കയറിയത്.

ദുബായ് ബുര്‍ജുമാന്‍ മാര്‍ക്കറ്റിംഗ് സെന്ററിന് സമീപം ഖാലിദ് ബിന്‍ വലീദ് റോഡിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.50ന് ആയിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധ മൂലം എ.ടി.എമ്മിന് സമീപുണ്ടായിരുന്ന ഒരു ഉപയോക്താവിന് പരിക്കേറ്റു. വാഹനമോടിച്ച 51 കാരനായ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതിൽ മദ്യ ലഹരിയിലല്ല ഇയാള്‍ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. അലക്ഷ്യമായി ഡ്രൈവ് ചെയ്ത് വാഹനാപകടമുണ്ടാക്കിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബായ് സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ലെഫ്. കേണല്‍ ഫൈസല്‍ അല്‍ഖാസിം പറഞ്ഞു.