ബ്ലൂവെയിലിന് പിന്നാലെ മോമോ ഗെയിമിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: മനുഷ്യ ജീവിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് എതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ബ്ലൂവെയിൽ എന്ന മരണക്കളിക്ക് ശേഷം കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം പ്രചരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെ പ്രചരണം ആരംഭിച്ച ഗെയിം ഇപ്പോൾ വാട്സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി.

ബ്ലൂ വെയിൽ ഗെയിം എന്നത്തിൽ പോലെ സാഹസികമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും അവസാനം മരണത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന പ്രതിഭാസം തന്നെയാണ് മോമോയിലും. അത്കൊണ്ട് ഇത്തരത്തിൽ കളിക്കുന്നവരെക്കുറിച്ചോ മറ്റോ വിവരം ലഭിച്ചാൽ 901ൽ ഉടൻ വിവരം അറിയിക്കണമെന്നാണ് പൊലീസ് നിർദേശം. കളിയിൽ ഏർപ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ശാരീരികവും മാനസികവുമായി തളർത്തുക, ഉറങ്ങാൻ സമ്മതിക്കാതെ വിഷാദം ഉൾപ്പെടെയുള്ള അവസ്ഥകളിലേക്കു തള്ളിവിടുക തുടങ്ങിയവയ്ക്കെതിരേയും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.