ദുരിതാശ്വാസ സാമഗ്രികൾ കടത്തിയ വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍

തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിൽ ദുരിതാശ്വാസ സാമഗ്രികൾ കടത്തുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് ഓഫീസറെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെടുമ്പ്രം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജ്ജ് കുട്ടിയാണ് പിടിയിലായത്. ഒപ്പം സഹായിയായി ഉണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ വിനോദ് കുമാറിനേയും ജോര്‍ജ്ജ് കുട്ടിക്കൊപ്പം പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

വൈകീട്ട് ഏഴ് മണിയോടെ പൊടിയാടിയിൽ അരി ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ സംരക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്ന് സാധനങ്ങൾ കാറിൽ കടത്തുന്നതിനിടെയാണ് നാട്ടുകാര്‍ ഇരുവരേയും പിടികൂടിയത്. വില്ലേജ് ഓഫീസിന്‍റേയോ പഞ്ചായത്തിന്‍റേയോ രേഖകളില്ലാതെയാണ് ഇരുവരും ഗോഡൗണിലെത്തിയത്. നെടുമ്പ്രം പഞ്ചായത്ത് അംഗത്തിന്‍റെ ഒത്താശയോടെയാണ് അനധികൃതമായി ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സാധനങ്ങൾ മാറ്റുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.