സിദ്ദുവിനെതിരായ 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു

മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. ഒരാളെ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസില്‍ സിദ്ദുവിന് ലഭിച്ച 1,000 രൂപയുടെ പിഴ ശിക്ഷ സംബന്ധിച്ച് വാദി ഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

1998 ഡിസംബര്‍ 27ന് സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിങ്ങും പട്യാലയിൽ ഗുർണാംസിങ് എന്നയാളുമായി വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും ഇയാളെ കാറിൽനിന്നു വലിച്ചിറക്കി മർദിച്ചുവെന്നുമാണു കേസ്.പിന്നീട് ഇയാൾ മരണപെട്ടു. കേസിൽ വിചാരണക്കോടതി സിദ്ദുവിനെ വെറുതെവിട്ടെങ്കിലും ഹരിയാന ഹൈക്കോടതി 2006ൽ നരഹത്യാക്കുറ്റം ചുമത്തി മൂന്നു വർഷത്തെ തടവുശിക്ഷ വിധിച്ചു. 2007ൽ സുപ്രീംകോടതി ശിക്ഷ റദ്ദാക്കി, സിദ്ദുവിനു ജാമ്യം അനുവദിച്ചു. 1000 രൂപ പിഴയും ചുമത്തി.

ഗുർണാംസിങ്ങിന്റെ കുടുംബം നൽകിയ അപേക്ഷയിലാണു കേസ് വീണ്ടും പരിശോധിക്കാൻ കോടതി തയാറായത്. തെളിവുകളനുസരിച്ച് ഗുർണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും പഞ്ചാബ് സർക്കാർ അന്നു വാദിച്ചിരുന്നു. കേസ് സിദ്ദുവിന്റെ രാഷ്ട്രീയഭാവിയെ എങ്ങനെ ബാധിക്കും എന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകർ.