ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. 2010-ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് നായിഡു ഉള്‍പ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 21നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് ചന്ദ്രബാബു നായിഡുവിനും മറ്റ് 15 പേര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ആന്ധ്രാപ്രദേശ് വിഭജനത്തിന് മുമ്പ് നടന്ന ഈ സമരത്തില്‍ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍ ആനന്ദ് ബാബു എന്നിവരും പങ്കെടുത്തിരുന്നു. അതിക്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുക, മാരാകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചന്ദ്രബാബു നായിഡുവും മറ്റുള്ളവരും കോടതിയില്‍ ഹാജരാകുമെന്ന് ആന്ധ്രാപ്രദേശ് ഐടി വകുപ്പ് മന്ത്രിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ എന്‍ ലോകേഷ് വ്യക്തമാക്കി. തെലങ്കാനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടിഡിപി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തതെന്നും ലോകേഷ് പറഞ്ഞു.