പ്രളയ സഹായം കേന്ദ്ര സർക്കാർ നിരസിച്ചു ; നിരാശ രേഖപ്പെടുത്തി തായ്‌ലന്‍ഡ് അംബാസിഡര്‍

കേരളത്തെ നൂറ്റാണ്ടിലെ പ്രളയം വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ സഹായ ഹസ്തവുമായി എത്തിയ ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു തായ്‌ലൻഡ്.എന്നാൽ കേന്ദ്ര സർക്കാർ തങ്ങളുടെ സഹായം നിരസിച്ചതിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് തായ്‌ലൻഡ് അംബാസിഡർ. പലതരത്തില്‍ സഹായം നല്‍കാന്‍ തയ്യാറായിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് അംബാസിഡര്‍ പ്രതികരിച്ചത്.

ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡര്‍ ചുറ്റിന്‍ടോണ്‍ വഴിയായിരുന്നു തായ്‌ലണ്ടിന്റെ സഹായ വാഗ്ദാനം. എന്നാല്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ വഴി ഉള്ള വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടാണ് അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അംബാസിഡറെ അറിയിച്ചത്.
പിന്നീട് ഇന്ത്യയിലെ തായ് കമ്പനികള്‍ വഴി കേരളത്തിന് സഹായം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ തങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി അംബാസിഡര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഒടുവില്‍ തന്റെ സാന്നിധ്യമില്ലാതെ തായ് കമ്പനികളുടെ സഹായം കേരളത്തിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു.