മല്യ വിദേശത്തേക്ക് കടക്കുന്നതിന് നാല് ദിവസം മുമ്പ് യാത്ര തടയാന്‍ നിയമസഹായം തേടണമെന്ന് എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു;വെളിപ്പെടുത്തലുമായി സുപ്രീം കോടതി അഭിഭാഷകന്‍

ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്‌ബിഐക്ക് നിയമോപദേശം നല്‍കിയിരുന്നതായി സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ വെളിപ്പെടുത്തല്‍. മല്യ വിദേശത്തേക്ക് കടക്കുന്നതിന് നാല് ദിവസം മുമ്പ് യാത്ര തടയാന്‍ നിയമസഹായം തേടണമെന്ന് താന്‍ എസ്.ബി.ഐ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു ഏറ്റവും അധികം വായ്പ നല്‍കിയിട്ടുള്ള എസ്‌ബിഐക്ക് ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയെങ്കിലും ഇതില്‍ നടപടി ഉണ്ടായില്ല. എസ്‌ബിഐ മാനേജ്‌മെന്റിനു ഇതുസംബന്ധിച്ച്‌ 2016 ഫെബ്രുവരി 28 നാണ് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച നടന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ച്‌ മല്യ രാജ്യം വിടുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അറിയിച്ചു.

അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാന്‍ എസ്.ബി.ഐയുടെ മുന്‍ ചെയര്‍പേഴ്സന്‍ അരുന്ദതി ഭട്ടാചാര്യ തയ്യാറായില്ല. ദവേയ്‌ക്ക് പറയാനുള്ളത് അദ്ദേഹത്തിന് പറയാം. എന്നാല്‍ താന്‍ ഇപ്പോള്‍ എസ്.ബി.ഐയുടെ ഭാഗമല്ലെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.