ചൈനയിലെ പ്രമുഖ താരത്തെ കാണാതായിട്ട് മാസങ്ങൾ പിന്നീടുന്നു; തിരോധാനത്തിന് പിന്നിലാരാണ്???

ബീജിങ്: ചൈനയിലെ പ്രമുഖ താരം ഫാന്‍ ബിങ് ബിംഗിനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ബിങ്ബിങിന്റെ തിരോധാനം ആരാധകര്‍ക്കിടയില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ കസ്റ്റഡിയിലായിരിക്കാമെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തല്‍.

മാസങ്ങളായി നടിയെ കുറിച്ച് പുറം ലോകത്തിന് ഒരു വിവരവും ഇല്ല. അയണ്‍മെന്‍, എക്സ്മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടിയ താരമാണ് ഫാന്‍ ബിങ്ബിങ്. കഴിഞ്ഞ ജൂണ്‍ മാസം മുതാലാണ് താരത്തിനെ ചൈനയില്‍ നിന്ന് കാണാതാകുന്നത്. ഏറ്റവും ഒടുവില്‍ ജൂലായ് 1 ന് കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷം നടി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അതിനിടെയാണ് നടി ഫാന്‍ ബിങ്ബിങ് ജയിലില്‍ ആണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്.

രണ്ടു മാസമായി ഇവരെ പൊതുവേദിയില്‍ കാണാനില്ലെന്ന് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇവര്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് തന്നെ ദിവസങ്ങൾ കഴിഞ്ഞു. അധികൃതരുമായുള്ള ബന്ധം വഷളായതാണ് താരത്തെ കാണാതായതിന് കാരണമായി അണിയറയില്‍ കേള്‍ക്കുന്നത്. ഫാന്‍ ബിങ്ബിങിനെതിരെ നികുതി വെട്ടിപ്പ് ആരോപണവും നിലനില്‍ക്കുന്നുണ്ട്. നാല് മാസം മുമ്പായിരുന്നു ഒരു വാര്‍ത്താ ചാനല്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫാന്‍ ബിങ്ബിങും അവരുടെ സ്റ്റുഡിയോയും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. പക്ഷേ, ഇതില്‍ സത്യമുണ്ടെന്ന വിലയിരുത്തലാണ് പിന്നീട് വന്നത്.

അതേസമയം താരം ലോസ് ഏഞ്ചല്‍സില്‍ രാഷ്ട്രീയാഭയം തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഹോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം ജാക്കിചാന്‍ നല്‍കി ഉപദേശപ്രകാരമാണ് താരം അമേരിക്കയിലേക്ക് മുങ്ങിയതെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ജാക്കിചാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

താരം ചൈനീക് അധികൃതരുടെ കസ്റ്റഡിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചൈനീസ് പത്രമായ സെക്യുരിറ്റീസ് ഡെയ്ലി പുറത്തു വിട്ടിരുന്നു എങ്കിലും വാര്‍ത്ത വിവാദമായതോടെ പത്രം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ഹോളിവുഡ് സിനിമകളില്‍ അടക്കം അഭിനയിച്ചിട്ടുള്ള ഫാന്‍ ബിങ്ബിങ് ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയാണ്. വന്‍ പണംവാരി ചിത്രമായ എക്സ്മാനില്‍ ഫാന്‍ അഭിനയിച്ചിരുന്നു. 1981 ല്‍ ക്വിങ്ദാവോയില്‍ ആയിരുന്നു ജനനം. വളര്‍ന്നത് യാന്തായിയിലും.

ഹോളിവുഡ് താരം എന്നതില്‍ ഉപരി ചൈനയിലെ മിന്നും താരമാണ് ഫാന്‍ ബിങ്ബിങ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. 36 കാരിയായ ഫാന്‍ ബിങ്ബിങിന്റെ തിരോധനം ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുപണ്ട്. നടിയ്ക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.