കളി തുടങ്ങും മുമ്പേ കൈയ്യടി വാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

കളി തുടങ്ങും മുമ്പേ കൈയ്യടി വാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രളയ ദുരന്തത്തിന് ശേഷം അതിജീവനത്തിനായി കൈകോർക്കുന്ന കേരളത്തിന് പിന്തുണയുമായി കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രളയ മുഖത്ത് രക്ഷാപ്രവർത്തങ്ങളുമായി അഭിമാനമായി മാറിയ മത്സ്യ തൊഴിലാളികള്‍ക്ക് ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തു കൊണ്ടാണ് ടീം നാടിന്റെ അതിജീവനശ്രമങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള പന്ത്രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ടിക്കറ്റ് നല്‍കി വിതരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്കുക മാത്രമല്ല രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും മത്സര ദിവസങ്ങളില്‍ ആദരിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

അടുത്ത മാസം അഞ്ചിന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വഴിയാവും കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ഈ സീസണോടെ പേപ്പർ ടിക്കറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്നാണിത്. കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുനേനി, ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ എം ഐ മേത്തർ, തോമസ് മുത്തൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.