മല്യയെ രക്ഷപ്പെടാൻ സഹായിച്ചത് മോദിയുടെ കണ്ണിലുണ്ണി എ.കെ ശർമ: രാഹുൽ ഗാന്ധി

വിജയ് മല്യയെ രാജ്യംവിടാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടർ എ.കെ.ശർമയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ട്വിറ്ററിലാണ് രാഹുൽ ഇക്കാര്യം കുറിച്ചത്

ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന ശർമ്മ മോദിക്ക് വേണ്ടപ്പെട്ടയാളായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥനാണ് മല്യയ്ക്കെതിരായ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയത്. മല്യയെ വിദേശത്തു കടക്കുന്നതിൽനിന്നു ‘തടയുക’ എന്നായിരുന്നു ആദ്യത്തെ നോട്ടിസ്. ഇതു പിന്നീട് ‘അറിയിക്കുക’ എന്നാക്കി മയപ്പെടുത്തി. പിന്നാലെ, മല്യ രാജ്യംവിടുകയും ചെയ്തു.

നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളെയും രാജ്യംവിടാൻ സഹായിച്ചതു ശർമയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നതും ശർമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും അറിഞ്ഞുതന്നെയാണ് ഈ വ്യവസായികൾ രാജ്യംവിട്ടതെന്നു രാഹുൽ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു.

സിബിഐ ഡയറക്ടർ അനിൽ സിൻഹ അറിയാതെയാണ് എ.കെ.ശർമ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയതെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. കൗതുകകരമായ കാര്യം, മല്യ വായ്പാ തിരിച്ചടവ് മുടക്കിയതിന്റെ പേരിൽ കഷ്ടത്തിലായ ബാങ്ക് അധികൃതരുമായി അനിൽ സിൻഹ മുംബൈയിൽ ചർച്ച നടത്തിയ 2016 മാർച്ച് മൂന്നിനുതന്നെയാണു മല്യ രാജ്യംവിട്ടത് എന്നതാണ്.