അഞ്ഞൂറടിച്ച് ഇബ്രാഹിമോവിച്ച്; അസാധ്യമായ ആംഗിളിൽ നിന്ന് വീണ്ടും ഒരു സ്ലാട്ടൻ ഗോൾ

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഗോളുകൾ എന്നും അവിസ്മരണീയമാണ്. അത് കണ്ടറിഞ്ഞവരാണ് ഫുട്ബോൾ ലോകം. അസാധ്യമായ ആംഗിളുകളില്‍ നിന്നാവും ഇബ്രയുടെ ഗോള്‍ . അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍.എ ഗ്യാലക്‌സിക്ക് വേണ്ടി പന്ത് തട്ടുന്ന ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫുട്‌ബോളില്‍ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്ന 26ാമത്തെ കളിക്കാരനാണ് സ്വീഡന്‍ താരമായ ഇബ്രാഹിമോവിച്ച്. ടോറണ്ടോ എഫ്‌സിക്കെതിരെ 43ാം മിനുറ്റിലായിരുന്നു ഇബ്രയുടെ അഞ്ഞൂറാം ഗോൾ പിറന്നത്. രാജ്യത്തിനായും വിവിധ ക്ലബ്ബുകള്‍ക്കുമായും ഇബ്രാഹിമോവിച്ച് നേടുന്ന അഞ്ഞൂറാമത്തെ ഗോള്‍ എന്ന പ്രത്യേകതയാണ് ഈ ഗോളിന്. മത്സരത്തില്‍ ടോറണ്ടോ എഫ്‌സി അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇബ്രയുടെ ഗോൾ മികച്ച് നിന്നു.