കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചതായും കോണ്‍ഗ്രസ് രാജ്യത്തിനായി നിരവധി നേതാക്കളെ സമ്മാനിച്ചെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതത്തിന്‍റെ ഭാവി- ഒരു ആര്‍എസ്എസ് വീക്ഷണം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്.

സാധാരണക്കാരായ ആളുകളെ സ്വാതന്ത്ര്യ സമരത്തിലേക്ക് കൊണ്ട് വരുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ആര്‍.എസ്.എസ് അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും ചില ആളുകള്‍ ആര്‍.എസ്.എസിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു. ആര്‍എസ്എസിന്‍റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആര്‍എസ്എസ് ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്‍റെ വിശദീകരണം.

സമൂഹത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. നാനാത്വം രാജ്യത്തെ ഭിന്നിപ്പിന് കാരണമാകാന്‍ പാടില്ല. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയാണ് ആര്‍എസ്എസ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സമൂഹത്തെ തന്റേതായി കാണുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെയ്യുന്നത്. ആര്‍എസ്എസിനെ ജനത്തിന് നന്നായി മനസിലാക്കുന്നതിനാണ് ത്രിദിന പരിപാടി ലക്ഷ്യമിടുന്നതെന്നും ഭാഗവത് പറഞ്ഞു.

രണ്ടു ദിവസം ചര്‍ച്ചകളും മൂന്നാം ദിനത്തില്‍ പ്രതിനിധികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും നല്‍കാനാണ് പദ്ധതി. ബിജെപി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ ചടങ്ങിന് എത്തിയെങ്കിലും പ്രതിപക്ഷ കക്ഷി നേതാക്കളില്‍ പലരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.