വിശ്വാസം ചതിച്ചു; ആത്മ സുഹൃത്തിനെ വിശ്വസിച്ച ഇമറാത്തി പൗരന് നഷ്ടമായത് വില്ലയടക്കം 17 കോടിയിലധികം രൂപ

അബുദാബി: ആത്മാർഥ സുഹൃത്തിനെ വിശ്വസിച്ച് ഏൽപ്പിച്ച വില്ലയും ഭൂമിയും ആഡംബര കാറും ഉൾപ്പെടെയുള്ള വസ്തുക്കൾ സുഹൃത്ത് വിറ്റതായി പരാതി. കാര്യങ്ങൾ നോക്കി നടത്തുന്നതിനു വേണ്ടി അറബ് പൗരനായ സുഹൃത്ത് ഇയാൾക്ക് വസ്തുക്കളുടെയും മറ്റും പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. എന്നാൽ കിട്ടിയ തക്കം മുതലെടുത്ത് സുഹൃത്ത് സ്ഥലവും വില്ലയും കാറും വിറ്റു.

ഏതാണ്ട് ഒൻപത് മില്യൻ ദിർഹത്തിന്റെ (17.84 കോടി രൂപ) വസ്തുക്കളാണ് സുഹൃത്ത് വിറ്റതെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തിന്റെ മുകളിലുണ്ടായിരുന്ന വിശ്വാസവും സ്നേഹവും തന്നെ ചതിക്കുകയായിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യക്തി കോടതിയിൽ പറഞ്ഞു.

‘ഒരു കുടുംബാംഗത്തെ പോലെയാണ് ഞാൻ അവനെ കണ്ടിരുന്നത്. പക്ഷേ, അവനോടുള്ള വിശ്വാസം എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. മറ്റു ബിസിനസുകളുടെ തിരക്കുണ്ടായിരുന്നതിനാൽ ഈ വസ്തുവിന്റെയും ഭൂമിയുടേയും കാര്യങ്ങൾ നോക്കാൻ അവന് പവർ ഓഫ് അറ്റോർണി നൽകുന്നതാണ് നല്ലതെന്ന് വരുത്തി തീർത്തു. അങ്ങനെ വിശ്വാസത്തിന്റെ പുറത്താണ് രേഖ നൽകിയത്. എന്നാൽ, തന്റെ അനുവാദമില്ലാതെ ഏതാണ്ട് ഒൻപത് മില്യൻ ദിർഹം വരുന്ന വസ്തുക്കൾ സുഹൃത്ത് വിൽക്കുകയായിരുന്നു’– പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ താൻ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും പവർ ഓഫ് അറ്റോർണി തന്റെ പേരിലായതിനാൽ തനിക്ക് വിൽക്കാനുള്ള അധികാരം തനിക്കുണ്ടെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ വസ്തുക്കൾ വിറ്റ് ലഭിച്ച തുക യഥാർത്ഥ ഉടമസ്ഥന് കൈമാറണമെന്ന് പരാതി ഉന്നയിച്ച വ്യക്തിയുടെ അഭിഭാഷകൻ മുഹമ്മദ് അൽ മർസൂഖി കോടതിയിൽ ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ഒക്ടോബർ രണ്ടിലേക്ക് മാറ്റിവച്ചു.