പ്രസവത്തെയോര്‍ത്ത് ആശങ്കയും അമിത ഭയവുമുണ്ടോ? നിങ്ങള്‍ക്കുമുണ്ടാകാം ടോകോഫോബിയ

സമൂഹമാധ്യമങ്ങളിലൂടെ ഗര്‍ഭധാരണ കഥകള്‍ അറിയാന്‍ ശ്രമിക്കുന്നവരില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഗര്‍ഭധാരണത്തെയും പ്രസവത്തെയുംകുറിച്ചോര്‍ത്തുള്ള അമിതമായ ഭീതിയും ഭയവുമാണ് ഈ അവസ്ഥ.

ആദ്യപ്രസവസമയത്ത് മിക്ക സ്ത്രീകളിലും പ്രസവത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാവാറുണ്ട്. പ്രസവ വേദനയെക്കുറിച്ചും, പ്രസവ സമയത്തെ കരുതലുകളെക്കുറിച്ചുമൊക്കെ സമൂഹമാധ്യമത്തില്‍ തിരഞ്ഞ് അവസാനം എത്തിച്ചേരുന്നത് ഭയപ്പെടുത്തുന്ന പ്രസവത്തെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളിലാകും. ഇതെക്കുറിച്ചോര്‍ത്തുള്ള ആധിയാണ് പലരെയും ടോകോഫോബിയയിലേക്കു നയിക്കുന്നത്.

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പല സ്ത്രീകളും സിസേറിയനു വേണ്ടിയും അബോര്‍ഷനു വേണ്ടിയും അഭ്യര്‍ഥിക്കാറുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയുള്ള അവസ്ഥ 14 % ത്തോളം സ്ത്രീകളിൽ കണ്ടുവരുന്നതായും റിപ്പോർട്ട് ഉണ്ട്. അമിതമായ ഈ ആധി അബോഷനുവരെ കാരണമാകുന്നു.

” പ്രസവം എന്ന് ഗൂഗിളില്‍ അടിച്ചുകൊടുക്കുമ്പോള്‍ തന്നെ സുനാമിപോലുള്ള പേടിപ്പെടുത്തുന്ന കഥകളാണ് കാണുകയെന്ന് ഹള്‍ സര്‍വകലാശാലയിലെ ലെക്ചററായ കാട്രിയോണ ജോണ്‍സ് പറയുന്നു. പ്രസവം ഭീകരമായിരുന്നുവെന്നും രക്തമയമായിരുന്നുവെന്നുമൊക്കെയുള്ള കഥകള്‍ കേള്‍ക്കുന്ന സ്ത്രീകളില്‍ സ്വാഭാവികമായും ഭയമുണ്ടാകും. ജോണ്‍സ് പറഞ്ഞു.

അതേസമയം പ്രസവം ആദ്യത്തേതാണോ രണ്ടാമത്തേതാണോ എന്നതിനെ ആശ്രയിച്ചിരിക്കും ടോകോഫോബിയ ഉണ്ടാകാനുള്ള സാധ്യതയെന്ന് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ പ്രഫസറായ ലൂയീസ് കെന്നി പറയുന്നു.

”ചില സ്ത്രീകളില്‍ ആദ്യപ്രസവത്തിലെ വിപരീതാനുഭവവും ചിലരില്‍ കുട്ടിക്കാലതെയോ കൗമാരത്തെയോ ലൈംഗികാതിക്രമം മൂലമോ ടോകോഫോബിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടിവിയിലോ സമൂഹമാധ്യമത്തിലോ കണ്ടിട്ടുള്ള കഥയും ഇതിലേക്കു നയിക്കാം”.

കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഡോക്ടര്‍മാരുമായി മനസ്സു തുറന്നു സംസാരിക്കല്‍ കുടുംബാഗങ്ങളുടെ മാനസിക പിന്തുണ എന്നിവയിലൂടെയെല്ലാം ടോകോഫോബിയയെ മറികടക്കാമെന്നും – കെന്നി പറയുന്നു.