യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിച്ചു; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ കേസ്

കുറ്റവാളിയായ ഭര്‍ത്താവ് മരിച്ചതോടെ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ കേസ്. രമേഷ് ദാഹിയ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കേസ്. ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു. നോര്‍ത്ത് ദില്ലിയിലാണ് സംഭവം.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് രമേഷിനെ എസിപി റാങ്കിലേക്ക് പ്രമോട്ട് ചെയ്തത്. കുറ്റവാളിയായ ഭര്‍ത്താവ് മരിച്ചതോടെ അയാളുടെ ഭാര്യയേയും മകളേയും ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. പീഡനശ്രമം മകളിലേക്കും എത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് മകനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി നോര്‍ത്ത് ദില്ലിയിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നൂപുര്‍ പ്രസാദ് വ്യക്തമാക്കി.

പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ രമേഷ് യുവതിക്ക് പണം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. യുവതിയ്ക്ക് പണം കടം നല്‍കിയിരുന്നുവെന്നും ഇത് തിരിച്ച് ചോദിച്ചതിന്‍റെ പേരിലാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നുമാണ് രാമേഷ് ദാഹിയയുടെ പ്രതികരണം. അതേസമയം രമേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.