‘ഞങ്ങളൊക്കെ പ്രേമിക്കുന്ന കാലത്ത് ഈ വാസാപ്പി ഇണ്ടായിരുന്നെങ്കിൽ ഒന്ന് തകർത്തേനെ’ ; കോമഡി എന്റര്‍ടെയ്‌നറുമായി ‘ഡാകിനി’ യുടെ ട്രൈലർ

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഡാകിനിയുടെ ട്രെയിലര്‍ പുറത്ത്
ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് ട്രൈലർ സൂചിപ്പിക്കുന്നു.’സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ എന്നിവര്രാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ പൗളി വല്‍സണ്‍, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. ഇവര്‍ നാലു പേരേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.

ചെമ്പന്‍ വിനോദ്, അജുവര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവർ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തിയറ്റേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.