തൃശൂരില്‍ റെയില്‍വേ മേല്‍പാലത്തിനു താഴെ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ആളൂര്‍ റയില്‍വേ മേല്‍പാലത്തിനു താഴെ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

രാവിലെ പത്തരയോടെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം റയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ നാട്ടുകാർ കണ്ടെത്തിയത്.ഉടനെ, ആളൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ പരിശോധനയില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കണ്ടെത്തി. ഇടതുകാല്‍ ഒ‍ടിഞ്ഞിട്ടുണ്ട്. നെറ്റിയിൽ മുറിവുണ്ട്. റെയില്‍വേ ട്രാക്കിനു സമീപത്ത് വീടുകളിൽ അന്വേഷിച്ചപ്പോൾ അസമയത്ത് ആരേയും ഈ പരിസരത്ത് കണ്ടിട്ടില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

ട്രെയിനില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ വീണതാണെങ്കില്‍ ഏതെങ്കിലും സ്റ്റേഷനുകളില്‍ പൊലീസിന് ഇതിനോടകം കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ചേനെ. ഇതുവരെ, അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

റയില്‍വേ ട്രാക്കിന്റെ പരിസരത്ത് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

(ചിത്രം കടപ്പാട് മനോരമ ന്യൂസ്)