ഹരിയാന കൂട്ടമാനഭംഗക്കേസ്; പ്രതികളിലൊരാളായ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു

ഹരിയാന കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ആര്‍മിയിലെ ജവാനായ പങ്കജും, ഇയാളുടെ സുഹൃത്തിനെയുമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍, സംഭവസ്ഥലത്തുണ്ടായിരുന്ന കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റ് ഉടമ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 12നാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് സ്‌റ്റേറ്റ് ടോപ്പറായിരുന്ന പെണ്‍കുട്ടിയെ പങ്കജും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പ്രതികള്‍ ഇരുപതുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരായിരുന്നു പ്രതികള്‍. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.