അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാവുമെന്ന് നാവികസേന

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാവുമെന്ന് നാവികസേന. അഭിലാഷിനെ കണ്ടെത്തിയ ഭാഗത്തിന് ഏറ്റവുമടുത്തുള്ള ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം വഞ്ചിക്ക് സമീപമെത്തും. തിരച്ചിലിനിറങ്ങിയ ഇന്ത്യന്‍ നാവികസേനാവിമാനമാണ് അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്.

മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ് എന്നിരുന്നാലും റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന പറയുന്നു.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്