ഫിഫാ പുരസ്കാരം ഇന്ന് ; പ്രധാന നോമിനികൾ അറിയാം…

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സലാഹ് ഈ മൂന്ന് പേരിൽ ആരായിരിക്കും ഫിഫയുടെ ഈ വർഷത്തെ മികച്ച പുരുഷ താരം? ലോകം കാത്തിരുന്ന ആ ചോദ്യത്തിന് ഇന്ന് ഉത്തരമാവും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിന് ലണ്ടനിലാണ് ഫിഫ പുരസ്‌കാര പ്രഖ്യാപനം. മികച്ച പരിശീലകനായി ഫ്രഞ്ച് മുന്‍ താരങ്ങളായ സിനദിന്‍ സിദാനും ദിദിയര്‍ ദെഷാംപ്സും മത്സരിക്കുന്നു.

യുവന്റസിലേക്ക് ചേക്കേറും മുന്‍പ് റയലിനായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് റൊണാള്‍ഡോയുടെ മികവ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം റയലിനായി ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാന്‍ റൊണാൾഡോയ്ക്കായി . കൂടാതെ ഫിഫയുടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പുരസ്കാരം നേടിയതും റോണോയായിരുന്നു. റഷ്യന്‍ ലോകകപ്പിലെ മികച്ച താരം, ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്ക്, റയലിനായി കാഴ്ചവെക്കുന്ന മിന്നും ഫോം ഇതാണ് ലൂക്കാ മോഡ്രിച്ചിന്റെ സാധ്യതകളെ ശക്തമാക്കുന്നത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 44 ഗോളുകള്‍ നേടിയ ഈജിപ്തിന്റെ മുഹമ്മദ് സലാഹ് ആണ് മൂന്നാമന്‍. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ ഫൈനലിലെത്തിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസ്, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ, ഡാനിഷ് താരം കാസ്പര്‍ ഷ്മീഷല് എന്നിവരാണ് മത്സരിക്കുന്നത്.