പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു കഴിവുകൂടി ഉണ്ട്; വൈറലായി മോദി പകര്‍ത്തിയ ചിത്രങ്ങൾ

മോദി എന്ന ഫോട്ടോഗ്രാഫറെ നിങ്ങൾക്കറിയില്ലല്ലോ. പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു കഴിവുകൂടി ഉണ്ട്. കണ്മുന്നിൽ കാണുന്ന ദൃശ്യങ്ങൾ ക്യാമറയിലേക്ക് ഭംഗിയായി പകർത്താൻ അദ്ദേഹത്തിനറിയാം. സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് മോദിയുടെ കിടിലൻ ക്ലിക്കുകൾ.

താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് മോദി പങ്കുവച്ചിരിക്കുന്നത്.

സിക്കിമിലേക്കുള്ള ആകാശ യാത്രയില്‍ മോദി പകര്‍ത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററില്‍ അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. ‘സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയത്.. ഏറെ ആകര്‍ഷകവും അവിശ്വസനീയവും!’- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ.

മുന്‍പും ചില പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ മോദി കാമറയുമായി എത്തിയിട്ടുണ്ട്. 2016ല്‍ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമ്പിയഴികള്‍ക്കപ്പുറം നില്‍ക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.

സിക്കിമിലെ പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി സിക്കിമിലേക്ക് പോയത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.