വൃദ്ധസദനത്തിലെ കൂട്ടമരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണം കാരണം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ തുടര്‍അന്വേഷണം പൊലീസ് ഉപേക്ഷിച്ചു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ഉണ്ടായത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രാഥമിക അന്വേഷണത്തിനായി എസ് പി എത്തിയിരുന്നു. അസ്വാഭാവികത കണ്ടെത്തിയാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നാലു പേര്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു കേസ് എടുത്തത്. തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കാളിയമ്മ, ശ്രീദേവി, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നിവരാണ് മരിച്ചത്.