ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; രണ്ടു വയസ്സുകാരി മകള്‍ മരിച്ചു

സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ബാലഭാസ്കറിന്റെ രണ്ട് വയസുള്ള മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.