പ്രളയബാധിതർക്ക് കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങൾ ലഭിക്കും

പ്രളയദുരന്തത്തിൽപ്പെട്ടു വീടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് കുറഞ്ഞവിലയ്ക്ക് ഗൃഹോപകരണങ്ങൾ ലഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഇവ പകുതിവിലയ്ക്ക് നൽകാൻ തയ്യാറാകണമെന്ന് വിവിധ കമ്പനി മോധാവികളുടെ യോഗത്തിൽ സർക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ ആദ്യ ആഴ്ച മുതൽ ഒക്ടോബർ 31 വരെ ആളുകൾക്ക് ഉപകാരങ്ങൾ കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി.

കുടുംബശ്രീ വഴി വായ്പയെടുത്ത് ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്ക് ഇളവു നൽകണമെന്നാണ് ആവശ്യം. 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചത്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിലായിരുന്നു കമ്പനി മേധാവികളുടെ യോഗം. വേൾപൂൾ, സോണി, സാംസങ്, പാനസോണിക്, എൽ.ജി., അമ്മിണി സോളാർ, ഗോദ്‌റെജ്, ഹൈക്കൺ, വി-ഗാർഡ്, വള്ളിമണി ഇൻഡസ്ട്രീസ്, ഈസ്റ്റേൺ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. കമ്പനികളുടെ ഉന്നതതലയോഗത്തിൽ അവതരിപ്പിച്ചശേഷം വിലക്കിഴിവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാമെന്ന് മേധാവികൾ ഉറപ്പു നൽകി.

വായ്പയ്ക്ക് അപേക്ഷിച്ചവർക്ക് അയൽക്കൂട്ടം വഴി പണം ലഭിക്കും. തുടർന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിവരങ്ങളും ഡിസ്കൗണ്ടും എവിടെനിന്ന് ലഭ്യമാകുമെന്ന വിവരങ്ങളും അറിയിക്കും. ഹോളോഗ്രാം പതിച്ച് മറ്റുള്ളവർക്ക് കൈമാറാൻ സാധിക്കാത്ത ഒരു കാർഡ് ഓരോ ആളുകൾക്കും നൽകും. ഈ കാർഡും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി പോകുന്ന അംഗത്തിനായിരിക്കും കുറഞ്ഞനിരക്കിൽ സാധനങ്ങൾ ലഭിക്കുക.