യു.എ.ഇ.യിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് എയർ ഇന്ത്യ

യു.എ.ഇ.യിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാൻ കിലോയ്ക്ക് 30 ദിർഹമാണ്(ഏതാണ്ട് 593 രൂപ) നൽകേണ്ടത്. നേരത്തേ ഇത് 15 ദിർഹമായിരുന്നു(ഏതാണ്ട് 296 രൂപ). മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് കുത്തനെ കൂട്ടിയത്.

പെട്ടിയടക്കമാണ് ഭാരം കണക്കാക്കുന്നത്. അതായത് ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ ശരാശരി 4000 ദിർഹമെങ്കിലും(ഏതാണ്ട് 79,130 രൂപ) ചെലവിടേണ്ടിവരും. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വഴി കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് ഇത്രയുംതുക നൽകേണ്ടി വരുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് എയർ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

എയർ അറേബ്യയിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ 1100 ദിർഹം (ഏതാണ്ട് 21,761 രൂപ) മാത്രമാണ് ഈടാക്കുന്നത്. ഈ സ്ഥാനത്താണ് എയർ ഇന്ത്യ പ്രവാസികളിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത്. എയർ അറേബ്യ ഇന്ത്യയിലെ 12 സെക്ടറുകളിലേക്കുമാത്രമേ സർവീസ് നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ മറ്റുഭാഗങ്ങളിലുള്ളവർക്ക് മൃതദേഹം അയയ്ക്കാൻ എയർ ഇന്ത്യയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന രീതിയിൽ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന പ്രവണത നിർത്തി, പ്രായം നോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്ക് യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകർ നിവേദനം നൽകിയിട്ടുമുണ്ട്. പല രാജ്യങ്ങളും അതത് രാജ്യങ്ങളിലെ വിമാനക്കമ്പനികൾവഴി മൃതദേഹങ്ങൾ സൗജന്യമായി കൊണ്ടുപോകുമ്പോഴാണ് എയർ ഇന്ത്യ നിലവിലെ നിരക്ക് ഇരട്ടിയാക്കിയിരിക്കുന്നത്.