ബലാത്സംഗ കേസുകളിൽ സുപ്രധാനമായ ലൈംഗികശേഷി പരിശോധന എന്ത് ? എങ്ങനെ?

പീഡനങ്ങളും ബലാത്സംഗങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ കുറ്റാരോപിതരില്‍ നടത്തുന്ന ലൈംഗികശേഷി പരിശോധനയെക്കുറിച്ച് നിരന്തരം മാധ്യങ്ങളില്‍ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാൽ എന്താണ് ഇതെന്ന് അറിയുന്നവർ ചുരുക്കമാണ്.

ഒരു വ്യക്തിക്ക് ലൈംഗികശേഷിയുണ്ടോ എന്നു തിരിച്ചറിയാനായി നടത്തുന്ന വൈദ്യപരിശോധനയാണ് ഇത്. പീഡനം നത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ആ കുറ്റം ചെയ്യാനുള്ള ലൈംഗികമായ കഴിവുണ്ടോ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ലൈംഗികശേഷി പരിശോധന നടത്തുന്നവിധം

രക്തപരിശോധന: പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധന.

എന്‍പിടി അല്ലെങ്കില്‍ റിജിസ്‌കാന്‍ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന. ഉറക്കത്തില്‍ സാധാരണയായി മൂന്നു മുതല്‍ അഞ്ചുതവണ വരെ ഇങ്ങനെ സംഭവിക്കാം.

പുരുഷ ഹോര്‍മോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണ് അടുത്തത്. ഉദ്ധാരണം നടക്കുന്നതില്‍ ടെസ്റ്റിസ്റ്റിറോണിനും ഒരു പങ്കുണ്ട്.

പെന്നില്‍ ഡോപ്ലര്‍ സ്‌കാന്‍- എത്ര അളവില്‍, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്. ഈ സമയം ശരീരത്തിലെ ഞരമ്പുകളും ഹോര്‍മോണുകളും പേശികളും എല്ലാം ഈ പ്രവൃത്തിയില്‍ പങ്കാളികളാകുന്നുണ്ട്.

വിഷ്വല്‍ ഇറക്ക്ഷന്‍ എക്സാമിന്‍- ഉദ്ധരണമുണ്ടായ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ലിംഗത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്‍ ഉണ്ടോ എന്നു അറിയാനായി നടത്തുന്ന പരിശോധന.

ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് പോട്ടന്‍സി ടെസറ്റ്- ലൈംഗികശേഷി പരിശോധനയുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന പരശോധനയാണിത്. ഓരോ 15-30 സെക്കന്റിലും ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചു ലിംഗത്തിന്റെ ഉദ്ധരണ ക്ഷമതയളക്കുന്ന പരിശോധനയാണിത്.

എന്നാല്‍ ഈ പരിശോധനകള്‍ ഒന്നും പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ലൈംഗിക അഭിരുചികളെ പൂര്‍ണമായും അളക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ഒരു തെളിവെന്ന നിലയില്‍ ഈ പരിശോധന ഫലങ്ങള്‍ വളരെ ഗൗരവത്തോടെയാണ് നിയമപാലകര്‍ കാണുന്നത്.