ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി അയ്യപ്പക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തുവെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധിയല്ല വന്നതെന്നും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി വിധി അയ്യപ്പക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തുമെന്ന് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പന്‍ ഒരു ബ്രഹ്മചാരിയാണെന്നതാണ് തങ്ങളുടെ വാദത്തിന്റെ അടിസ്ഥാനം. ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവുമുണ്ട്. അത് അസ്ഥിരപ്പെടുത്തിയാല്‍ അത് ക്ഷേത്രത്തിനെ തന്നെ ബാധിക്കും. അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നത് പ്രതീക്ഷ തരുന്നതാണെന്നും രാഹുല്‍ പ്രതികരിച്ചു. ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ അറിയിക്കുകയും റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞു. കേസില്‍ കഴിഞ്ഞ മാസം വാദം കേട്ടപ്പോഴും ഇതേ നിലപാടായിരുന്നു രാഹുല്‍ ഈശ്വറിന്. ആര്‍ത്തവമല്ല ശബരിമലയിലെ സത്രീ പ്രവേശന നിയന്ത്രണത്തിന്റെ അടിസ്ഥാനമെന്നും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ മാനിക്കണമെന്നും ഇക്കാരണം കൊണ്ട് തന്നെ അവിടെ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകില്ലെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ അന്ന് വാദിച്ചിരുന്നത്.

ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരുമെന്നും രാഹുൽ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മസേന പ്രസിഡണ്ടായ രാഹുല്‍ ഈശ്വര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലചവിട്ടുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ മുഖ്യനായിരുന്നു. അതേസമയം, പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന ചട്ടം റദ്ദാക്കിയാണ് കോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്.