പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ടക്കൊല: പ്രധാന സാക്ഷിക്ക് നേരെ വെടിവെപ്പ്

രാജസ്ഥാനിലെ അല്‍വറില്‍ പശുക്കടത്താരോപിച്ച് പെഹ്‌ലുഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസിലെ പ്രധാന സാക്ഷിക്ക് നേരെ വെടിവെപ്പ്. പെഹ്‌ലു ഖാന്റെ മകനും സാക്ഷിയുമടക്കമുള്ളവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കേസിന്റെ വാദങ്ങള്‍ക്കായി കോടതിയിലേക്ക് ഇവര്‍ കാറില്‍ പോകുംവഴിയാണ്‌ പോകുംവഴിയാണ് സംഭവം.

നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു കറുത്ത സ്‌കോര്‍പിയോയിയിലാണ് സംഘമെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ആസാദ് ഹയാത്ത് പറഞ്ഞു.

രാജസ്ഥാനിലെ ബിഹോഡിലുള്ള കോടതിയിലേക്ക് പോകുകയായിരുന്നു ഇവര്‍. ഈ കേസില്‍ സാക്ഷി പറയരുതെന്ന്‌ ആവശ്യപ്പെട്ട് ആക്രോശിച്ചെത്തിയ സംഘം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ വെടിവെക്കുകയുമായിരുന്നുവെന്ന് പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. പിന്നീട് സംഘത്തെ വെട്ടിച്ച് മറ്റു വഴികളിലൂടെയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇര്‍ഷാദ് പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംഭവം അന്വേഷിച്ച് വരികയാണെന്ന് അല്‍വാര്‍ എസ്.പി. രാജേന്ദ്ര സിങ് അറിയിച്ചു. പെഹ്‌ലുഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അല്‍വാറിലേക്കോ തിജാരയിലേക്കോ മാറ്റണമെന്നും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.