പ്രസവ വാർഡിൽ പർദ ധരിച്ച് ആൾമാറാട്ടം; പോലീസുകാരനെതിരെ കേസ്

പ്രസവ വാർഡിൽ പർദ ധരിച്ച് കയറിയ പോലീസുകാരനെതിരെ കേസ്. കുളമാവ് പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന നൂർ സമീറിനെതിരേയാണ് ആൾമാറാട്ടത്തിന് കേസെടുത്തത്.

പെരുമ്പിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പർദ ധരിച്ച് പ്രസവ വാർഡിലേക്ക് കയറിയ ഇയാളെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ആദ്യം കാണുന്നത്. ഇയാൾ ബഹളം വെച്ചപ്പോൾ സമീർ ഇറങ്ങിയോടി. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു നിർത്തി. പോലീസുകാരനാണെന്ന് പറഞ്ഞ് ഇയാൾ കുതറിയോടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്റെയും വാർഡിലുള്ളവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കഞ്ചാവ് കേസിലെ പ്രതിയെ പാലക്കാട് വെച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ ഇയാൾ മുമ്പ് അറസ്റ്റിലായിരുന്നു. ഏറെ നാളത്തെ സസ്‌പെൻഷന് ശേഷം ഈയിടയ്ക്കാണ് ജോലിയിൽ തിരിച്ചുകയറിയത്.

കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടുണ്ടെന്നും സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.