വമ്പന്‍ ലഹരി വേട്ട: 200 കോടി രൂപയുടെ എംഡിഎം പിടികൂടി

കൊച്ചിയില്‍ വമ്പന്‍ ലഹരി വേട്ട. 200 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് എക്‌സൈസ് പിടികൂടിയത്. 32 കിലോ തൂക്കമുള്ള എം.ഡി.എം.എ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി പദാര്‍ഥമാണു പിടികൂടിയത്. എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

നഗരത്തിലെ പാഴ്സല്‍ സര്‍വിസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എം.ഡി.എം.എ. ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇവ മലേഷ്യയിലേയ്ക്കു കടത്താനാണു പദ്ധതിയിട്ടിരുന്നതെന്നും എക്‌സൈസ് സംശയിക്കുന്നു. രാജ്യത്തിനു പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്‌സൈസ് തീരുമാനം. സെപ്ഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ജി. കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, എന്‍.ഡി. ടോമി, പി.ഇ. ഉമ്മര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.