മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയത് പിന്‍വലിച്ച്‌ എയര്‍ഇന്ത്യ

ദുബായ്: ഇന്ത്യക്കാരുടെ മൃതദേഹം യുഎഇയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെയായിരിക്കും എയര്‍ ഇന്ത്യ ഈടാക്കുക. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യ തീരുമാനം മാറ്റിയത്. ഒരു മൃതദേഹം പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ 4,000 ദിര്‍ഹത്തോളം നല്‍കേണ്ടി വരുമെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.

തുടര്‍ന്ന് പഴയ നിരക്ക് തന്നെയായിരിക്കും എയര്‍ ഇന്ത്യ ഈടാക്കുക. മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് നിരക്ക് വർധനവ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വഴി കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് വർധിപ്പിച്ച തുക നൽകേണ്ടി വന്നിരുന്നു.

മൃതദേഹങ്ങള്‍ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്ക് യുഎഇയിലെ സാമൂഹികപ്രവർത്തകർ നിവേദനം നൽകുകയും ചെയ്തു.