ഇത് വേറെ ലെവൽ പോലീസ് ; സൂപ്പര്‍ ഇലക്ട്രിക് കാറുമായി ദുബായ് പൊലീസ്; ഒറ്റച്ചാര്‍ജില്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കും!

ദുബായ് പോലീസിന്റെ കാർ ശേഖരം ലോകപ്രശസ്തമാണ് .സൂപ്പര്‍ കാറുകളാല്‍ സമ്പന്നമാണ് ദുബായ് പൊലീസ് സേന. ലംബോര്‍ഗിനി ഫെരാരി തുടങ്ങിയ വിലപ്പിടിപ്പുള്ള സൂപ്പര്‍ കാറുകള്‍ ദുബായ് സേനയ്ക്കുണ്ട്. ഏറ്റവുമൊടുവിൽ സേനയുടെ ശേഖരത്തിലേക്ക് ഇലക്ട്രിക്ക് കാറുകളെയും എത്തിച്ചിരിക്കുകയാണ്. ഷെവര്‍ലേ ബോള്‍ട്ട് ഇ.വി കാറുകളാണ് ദുബായ് പൊലീസ് സ്വന്തമാക്കിയത്. ജനറല്‍ മോട്ടോഴ്‌സിന്റെ പുതിയ എട്ട് ബോള്‍ട്ട് ഇലക്ട്രിക് കാറുകളാണ് ആദ്യ ഘട്ടമായി ദുബായ് പൊലീസ് പുറത്തിറക്കിയത്. ഘട്ടം ഘട്ടമായി കൂടുതല്‍ കാറുകള്‍ പുറത്തിറക്കുമെന്നാണ് ദുബായ് പൊലീസ് പറയുന്നത്.
ജിഎമ്മിന്റെ ചെറു കാര്‍ ബോള്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന വാഹനമാണ് ബോള്‍ട്ട് ഇവി. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന കാറിന് 350 എന്‍എം ടോര്‍ക്കുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.3 സെക്കന്റ് മാത്രം മതി ഈ ചെറു കാറിന്. ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റിയുള്ള കാര്‍ അരമണിക്കൂര്‍ ചാര്‍ജു ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.