ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കാന്‍ അന്വേഷണ സംഘം 25 ലക്ഷം വാഗ്ദാനം ചെയ്തതായി പ്രതി

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണ സംഘത്തിനെതിരെ കോടതിയില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രതികള്‍. ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റം സമ്മതിക്കാന്‍ തനിക്ക് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിയുടെ ആരോപണം. പോലീസ് തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും പ്രതികളില്‍ രണ്ടു പേര്‍ കോടതിയില്‍ പറഞ്ഞു.

ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് 12 പേരേയാണ് പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) അറസ്റ്റ് ചെയ്തിരുന്നത്. വധത്തിനു പിന്നില്‍ തങ്ങളാണെന്ന് സമ്മതിക്കുന്നതിന് പ്രത്യേക അന്വഷണ സംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പ്രതികളിലൊരാളായ പരശുറാം കോടതിയില്‍ പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ മനോഹര്‍ എടാവെയും കൊലപാതകത്തില്‍ തനിക്കു പങ്കൊന്നുമില്ലെന്ന് അറിയിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹര്‍ കോടതിയില്‍ പറഞ്ഞത്.

കഴിഞ്ഞ മാസം മഹാരാഷ്ട്ര എടിഎസ് (ഭീകരവിരുദ്ധ സ്‌ക്വാഡ്). ഹിന്ദുത്വ തീവ്രവാദ സംഘടയില്‍ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇതിലൊരാളായ സുധാന്‍വ ഗൊന്ധലേക്കര്‍ ഗൗരി ലങ്കേഷ് വധത്തിന് പുറമെ നരേന്ദ്ര ധബോല്‍ക്കറിന്റേയും എംഎം കല്‍ബുര്‍ഗിയുടേയും വധത്തിലുള്ള തന്റെ പങ്ക് സമ്മതിച്ചിരുന്നു.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വീടിന് മുന്നില്‍ വച്ച് അക്രമികള്‍ വെടിവച്ച് കൊന്നത്. രണ്ടാഴ്ച മുമ്പ് ഗൗരിയുടെ കൊലപാതകത്തില്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു ബൈക്ക് അന്വേഷണസംഘം സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു.