കലാഭവൻ മണിയുടെ മരണം: സിബിഐ വിനയന്റെ മൊഴിയെടുക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാനാണ് സിബിഐയുടെ നീക്കം. ബുധനാഴ്ച്ച സിബിഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.

2016 മാര്‍ച്ച്‌ 6ന് അന്തരിച്ച മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.