ദോഷമകറ്റാനെന്ന് പറഞ്ഞ് ലൈംഗിക പീഡനം; യുവതിയുടെ പരാതിയില്‍ അമ്മാവന്‍ അറസ്റ്റില്‍

ബന്ധുവായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ 23-കാരി നല്‍കിയ പരാതിയില്‍ യുവതിയുടെ അമ്മാവനെയാണ് ഡല്‍ഹി നരേല പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാല് വര്‍ഷമായി അമ്മാവന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ദോഷമകറ്റാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. നാല് വര്‍ഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അമ്മാവന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം യുവതി ഭര്‍തൃപിതാവിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ സഹായത്തോടെയാണ് നരേല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ പ്രതിയെ പിടികൂടിയെന്നും, പീഡനത്തിനിരയായ യുവതിക്ക് കൗണ്‍സിലിങ് നല്‍കാനായി ഡല്‍ഹി വനിതാകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.